അശാന്തനോട് അക്കാദമി ആദരവ് മാത്രം കാണിച്ചു
തൃശൂര്‍ : ഈയിടെ അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ മൃതശരീരം കേരള ലളിതകലാ അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്യാലറി അങ്കണത്തില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് തികഞ്ഞ ആദരവ് മാത്രമാണ് അക്കാദമി കാണിച്ചത്. അന്നേദിവസം രാവിലെ 11 മണിയോടെ അക്കാദമി സെക്രട്ടറി ഗ്യാലറിയില്‍ എത്തിയപ്പോള്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്റും വാര്‍ഡ് കൗണ്‍സിലറും മൃതശരീരം പൊതുദര്‍ശനത്തിന് വെയ്ക്കരുത് എന്നും ക്ഷേത്രത്തില്‍ പൂജ നടക്കുന്നതിനാല്‍ മെയിന്‍ റോഡില്‍ നിന്നും ഗ്രൗണ്ടിലേക്ക് പോലും മൃതദേഹം പ്രവേശിപ്പിക്കുവാന്‍ അനുവദിക്കില്ലെന്നും ശഠിച്ചു. മൃതശരീരം അക്കാദമി അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കേണ്ടത് കലാകാരന് നല്‍കുന്ന ആദരവ് ആണെന്നും അതില്‍ നിന്ന് പിന്‍മാറുവാന്‍ അക്കാദമി തയ്യാറല്ല എന്നും ഉറച്ച നിലപാടാണ് സെക്രട്ടറി സ്വീകരിച്ചത്. ഇതിനെതിരെ അസഭ്യ വാക്കുകള്‍ പറയുകയും ഭീഷണി മുഴക്കുകയും ചെയ്തശേഷം കൂടുതല്‍ ആള്‍ക്കാരുമായി മടങ്ങിയെത്തി അശാന്തന്റെ ചിത്രമുള്ള ബാനര്‍ തകര്‍ക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തുകയും പ്രശ്‌നം രമ്യമായി പരിഹരിക്കുവാനും സംഘര്‍ഷാവസ്ഥ ഒഴിവാക്കാനും ഇരുകൂട്ടരോടും അഭ്യര്‍ത്ഥിച്ചു. അക്കാദമിക്കുള്ളില്‍ തന്നെ മൃതശരീരം പ്രദര്‍ശിപ്പിക്കണമെന്നും അതില്‍ നിന്നും പിന്‍തിരിയുവാന്‍ അക്കാദമി തയ്യാറല്ല എന്നും നിലപാട് എടുത്തു. ഒടുവില്‍ ശക്തമായ നിലപാടിന്റെ അടിസ്ഥാനത്തില്‍ മൃതശരീരം അക്കാദമിക്ക് ഉള്ളില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്ക് വഴങ്ങേണ്ടി വന്നു. ക്രമസമാധാനം തകര്‍ന്ന് കാണാന്‍ ആഗ്രഹിക്കുന്നവര്‍ പുറത്തുണ്ടായിരുന്നു. ഇക്കൂട്ടര്‍ക്ക് വഴിമരുന്ന് ഇട്ടു കൊടുക്കണ്ട എന്ന് കരുതിയും പോലീസിന്റെ അഭ്യര്‍ത്ഥനയും മാനിച്ച് മൃതശരീരം മുറ്റത്ത് നിന്ന് മാറ്റി കുറേകൂടി ആദരവോടെ അക്കാദമി കെട്ടിടത്തില്‍ തന്നെ പൊതുദര്‍ശനത്തിന് വെയ്ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ മൃതശരീരത്തോട് കാട്ടിയ അനാദരവായി ആര്‍ക്കാണ് പറയാന്‍ കഴിയുക? സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്ക് ഊര്‍ജ്ജം പകരുന്നവര്‍ക്ക് മാത്രമെ ഇപ്രകാരം പറയാന്‍ സാധിക്കൂ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇതിന്റെ പേരില്‍ ദുരുദ്ദേശത്തോടെ ചിലര്‍ അക്കാദമിക്കെതിരെ പ്രതിഷേധം ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണ് ഉള്ളത് എന്ന് കലാലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടി സമൂഹത്തെ ഒന്നാകെ തെറ്റിദ്ധിരിപ്പിക്കുന്ന ഇക്കൂട്ടരെ തിരിച്ചറിയണമെന്നും
അശാന്തന്‍ ജീവിച്ചിരുന്നപ്പോഴും മരണശേഷവും അക്കാദമി ആദരവ് മാത്രമെ നല്‍കിയിട്ടുള്ളൂ എന്നും വ്യക്തമാക്കുന്നു.
അശാന്തന്റെ ചിത്രങ്ങളെ പല ശ്രോതസ്സുകളില്‍ നിന്ന് ശേഖരിച്ച് അദ്ദേഹത്തിന്റെ ഗുരുവും സഹയാത്രികനുമായ പി.വി.നന്ദന്‍, സുനില്‍ വല്ലാര്‍പാടം എന്നിവരുടെ ചിത്രങ്ങളോടൊപ്പം ഒരു ബൃഹത് ചിത്രപ്രദര്‍ശനം അക്കാദമി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഡോ. ഷാജു നെല്ലായി ഈ പ്രദര്‍ശനം ക്യൂറേറ്റ് ചെയ്യും. അശാന്തനെ കുറിച്ചുള്ള ഒരു കലാഗ്രന്ഥവും ഇതോടൊപ്പം പ്രദര്‍ശനം ചെയ്യും.