തൃശ്ശൂര്‍ : വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ പത്മഭൂഷണ്‍ എ. രാമചന്ദ്രന്റെ സമ്പൂര്‍ണ്ണ ചിത്രപ്രദര്‍ശനം ഒക്‌ടോബര്‍ 5 മുതല്‍ ഒരു മാസം ബാംഗ്ലൂരിലെ നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ടില്‍ നടക്കുകയാണ്. പ്രദര്‍ശനം കാണുന്നതിനും മലയാളി കൂടിയായ ചിത്രകാരന്‍ എ. രാമചന്ദ്രനുമായി സംവദിക്കുന്നതിനും കേരള ലളിതകലാ അക്കാദമി, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട അന്‍പത് ചിത്രകലാ വിദ്യാര്‍ത്ഥികളുമായി ബാംഗ്ലൂരിലേക്ക് ഒക്‌ടോബര്‍ 4ന് യാത്ര തിരിക്കുകയാണ്.
വിഖ്യാത ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ കാണുന്നതിനുള്ള പഠനയാത്രക്കുള്ള പദ്ധതികള്‍ ഫൈന്‍ ആര്‍ട്‌സ് കോളേജുകളുടെ പാഠ്യപദ്ധതിയില്‍ നിലവിലില്ല. കലാവിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അവരുടെ ദൃശ്യസാക്ഷരത വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധേയ ചിത്രകാരന്മാരുടെ കലാസൃഷ്‌ടികള്‍ കാണാനുള്ള അവസരം ഉണ്ടാകേണ്ടത് അനിവാര്യവുമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ലളിതകലാ അക്കാദമിയുടെ ചിലവില്‍ കലാവിദ്യാര്‍ത്ഥികള്‍ക്ക് ചിത്രപ്രദര്‍ശനം കാണുവാനുള്ള അവസരം ഒരുക്കുന്നത്.