കേരള ലളിതകലാ അക്കാദമി 2017-18ലെ
ഫോട്ടോഗ്രാഫി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.
കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ഫോട്ടോഗ്രാഫി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ഫോട്ടോഗ്രാഫി വിഭാഗത്തിന് 50,000/- രൂപയും പ്രശസ്തി പത്രവും മെമന്റോയും ഉള്‍പ്പെടുന്ന ഒരു സംസ്ഥാന മുഖ്യപുരസ്‌കാരവും, 25,000/- രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന രണ്ട് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങളുമാണ് നല്കുന്നത്.
ഈ വര്‍ഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാനും പുരസ്‌കാരത്തിനുമായി ആകെ 134 അപേക്ഷകള്‍ ലഭിച്ചു. പ്രാഥമിക മൂല്യനിര്‍ണ്ണയത്തില്‍ സംസ്ഥാന പ്രദര്‍ശനത്തിന് 85 പേരുടെ സൃഷ്ടികള്‍ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കലാകാരന്മാരില്‍ 82 കലാകാരന്മാരുടെ ഫോട്ടോഗ്രാഫുകള്‍ സംസ്ഥാനപുരസ്‌കാര പരിഗണനക്കായി ലഭിച്ചു. എസ്. കുമാര്‍, ടി. രാജന്‍ പൊതുവാള്‍, പി.വി. ബാലന്‍ എന്നിവരടങ്ങിയ ജൂറികമ്മിറ്റിയാണ് പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്.
ഫോട്ടോഗ്രാഫി സംസ്ഥാന പുരസ്‌കാരം
സാജു നടുവില്‍
കണ്ണൂര്‍ സ്വദേശിയായ സാജു നടുവിലിനാണ് ഇക്കുറി മുഖ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഇദ്ദേഹത്തിന് ഫോട്ടോഗ്രാഫിയില്‍ 20 വര്‍ഷത്തെ പരിചയമുണ്ട്. കാര്‍ഷിക ഫോട്ടോഗ്രാഫി അവാര്‍ഡ്, ഫോട്ടോവൈഡ് അവാര്‍ഡ്, അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്, കേരള കര്‍ഷകനുള്ള ഫോട്ടോഗ്രാഫി അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ‘ഗോള്‍ഡന്‍ ഹവര്‍’ എന്ന ഫോട്ടോഗ്രാഫിനാണ് പുരസ്‌കാരം ലഭിച്ചത്.
ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം
1. ആശിഷ് കെ. വിന്‍സെന്റ്
ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരത്തിന് അര്‍ഹനായ ആശിഷ് കെ. വിന്‍സെന്റ് എറണാകുളം സ്വദേശിയാണ്. കൊച്ചിയിലെ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ 5 വര്‍ഷമായി ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നു. ‘സ്പ്‌ളാഷ് ഓഫ് ജോയ്’ എന്ന ഫോട്ടോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.
2. ഹരിദാസ് കെ.വി.
ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരത്തിന് അര്‍ഹനായ ഹരിദാസ് കെ.വി. തൃശൂര്‍ സ്വദേശിയാണ്. ഫോട്ടോഗ്രാഫിയില്‍ 30 വര്‍ഷത്തെ പരിചയമുള്ള ഇദ്ദേഹത്തിന് പാലക്കാട് എഡിഷന്‍ മാതൃഭൂമി ഫോട്ടോഗ്രാഫി മത്സരത്തില്‍ രണ്ടാം സ്ഥാനവും എ.കെ.പി.എ. അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുള്ള ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഹരിദാസിന്റെ ‘വലക്കുള്ളിലെ ജീവിതം’ എന്ന ഫോട്ടോഗ്രാഫാണ് അദ്ദേഹത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.